© santhosh | All Rights Reserved
പാവം പ്രസിഡണ്ട്
സന്തോഷ്
കോൺഗ്രസിന്‍റെ ആസ്ഥാനമായ ഇന്ദിരാഭവന്‍റെ അകത്തളങ്ങളിൽ നിന്നും പുറത്തേക്ക് വന്ന ചില സംസാരങ്ങൾ ഇങ്ങനെ പോകുന്നു:
പോകുന്നോ?
പോകണോ?
പോയേക്കാം
പോയില്ലങ്കിലെന്താ?
ഒന്നുമില്ല. എന്നാലും പോയേക്കാം.
പോകണ്ട.
പോയാലെന്താ?
പോകണമെന്നില്ല
അത് ശരിയാവില്ല, പോയേക്കാം.
കോൺഗ്രസ് ആണ് ജീവിതം, ഹൈക്കമാൻഡ് ആണ് എല്ലാം, ഖദറിടാതെ എങ്ങിനെ പുറത്തിറങ്ങും എന്നൊക്കെ ചില ചര്യകള്‍ കൊണ്ട് ജീവിക്കുന്ന കുറേ പേരുടെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന വിധമായിരുന്നു മേൽപ്പറഞ്ഞ സംഭാഷണശകലങ്ങൾ. അനുസരിക്കണോ വേണ്ടയോ. അതാണ് പ്രശ്നം. രാഷ്ട്രീയത്തിൽ അനുസരണ ഇല്ലല്ലോ. അണികളെ അനുസരിപ്പിക്കാന്‍ പാടുപെടുന്നതിനേക്കാള്‍ ഭേദം രാജസ്ഥാനില്‍ പോയി ചെമ്മരിയാടുകളെ മേക്കുന്നതാണ്.
ആര് എങ്ങോട്ട് പോകുന്നു എന്ന കാര്യമാണ് പറയുന്നതെന്നു ഞാന്‍ കെ.പി.സി.സി. പ്രസിഡണ്ടിനോടു തിരക്കി. മറ്റേതു കോൺഗ്രസുകാരനേയും പോലെ തികഞ്ഞ കൺഫ്യൂഷൻ ആണ് പ്രസിഡൻറിനും. പോകേണ്ട സ്ഥലത്തിൻറെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്‍റ് മാനത്തെങ്ങാനും എഴുതി വച്ചിട്ടുണ്ടോ എന്ന് പ്രസിഡന്‍റ് മുകളിലേക്ക് നോക്കി.
എങ്ങോട്ട് പോകണം എന്നാണിപ്പോള്‍ മനസ്സില്‍? ഞാന്‍ തിരക്കി.
ഒന്ന് അയോധ്യ. രണ്ട് പപ്പുമോന്‍റെ ഭാരത് ജോഡോ ന്യായ് യാത്ര ആരംഭിക്കുന്നിടം മുതൽ അവസാനിക്കുന്നിടം വരെ. പ്രസിഡന്‍റ് പറഞ്ഞു.
രണ്ടാമത് പറഞ്ഞത് ആവും തെരഞ്ഞെടുക്കാൻ നല്ലത് എന്ന് ഞാൻ പ്രസിഡന്‍റിനോട് പറഞ്ഞു.
അതെന്താ? പ്രസിഡന്‍റ് തിരക്കി.
ഒന്നോ രണ്ടോമാസം നാട്ടുകാർക്ക് ശല്യമില്ലാതെ, പപ്പുമോനോടൊപ്പം നാടുതെണ്ടി ജീവിച്ചുകൂടെ?
അയോദ്ധ്യ ആണെങ്കിലോ?
പൊളിക്കും. ഇടതുപക്ഷത്തിന് ചെളിവാരിയെറിയാന്‍ നിന്നു കൊടുക്കുകയാവും അത്. അവര്‍ക്കുണ്ടോ ഈശനും ബ്രഹ്മനും.
കേരളത്തിൽ മാത്രമേ ഇടതുപക്ഷം ഞങ്ങളുമായി ഇടഞ്ഞുനിൽക്കുന്നുള്ളൂ. ഇതര സംസ്ഥാനങ്ങളിലെല്ലാം ബിജെപി സർക്കാരിനെതിരെ ഒരു ഇന്ത്യാസഖ്യം ഉണ്ടല്ലോ. ഞങ്ങളോടൊപ്പം ഇടതുപക്ഷങ്ങളും ഉണ്ടല്ലൊ.
എന്നാൽ അയോധ്യ ഒഴിവാക്കുന്നതാവും നല്ലത്. ഞാൻ പറഞ്ഞു.
പ്രസിഡന്‍റിനു സമാധാനമായി. ബി ജെ പി തങ്ങളുടെ ആജന്മ ശത്രു ആണല്ലൊ. ഞാൻ പ്രസിഡന്‍റിനോട് ചോദിച്ചു.
കെ പി സി സി എന്ത് തീരുമാനിച്ചു?
പോകണമെന്നോ പോകേണ്ടെന്നോ തീരുമാനിച്ചിട്ടില്ല.
ഓഹൊ.
അയോധ്യ ദൂരെയല്ലേ? പ്രസിഡൻറ് ചോദിച്ചു.
ആണല്ലൊ.
എന്നാൽ പോകുന്നില്ല.
അതെന്താ? ഞാന്‍ തിരക്കി
എവിടെ പോയാലും വലിയ കാര്യമൊന്നുമില്ല. പ്രസിഡണ്ട് പറഞ്ഞു.