Thursday, 21 November 2024

കൊച്ചി മെട്രൊ ടൈംസ് പ്രസിദ്ധീകരണം

ദൈവത്തിന്‍റെ വരദാനം

സന്തോഷ്

ഇത് ദൈവത്തിന്‍റെ വരദാനത്തെ കുറിച്ചാണ് പറയുന്നത്. പഴമക്കാർ പറയും ദൈവം പല രൂപത്തിൽ അവതരിക്കുമെന്ന്. ദശാവതാരം ഒരു ദൈവത്തിന്‍റെ തന്നെ പത്ത് അവതാരങ്ങളാണ്. ഇത് ആരു പറഞ്ഞു എന്നൊന്നും ചോദിക്കരുത്. ഈ അവതാരങ്ങൾ ഒക്കെ കണ്ടവർ ആരുമില്ലെന്ന് എന്‍റെ സുഹൃത്തായ സഖാവ് സദാനന്ദൻ തറപ്പിച്ചു പറയും. സദാനന്ദൻ ആ പറഞ്ഞതിൽ കഴമ്പില്ലാതില്ല. ഏതായാലും ദൈവത്തിനെ കണ്ടിട്ടില്ലെങ്കിലും അങ്ങേരുടെ വരദാനത്തെ നേരിട്ട് കണ്ട സഖാക്കൾ കുറെയെണ്ണം തലസ്ഥാനത്ത് ഉണ്ടെന്ന് മറക്കരുത്. സദാനന്ദനും അക്കൂട്ടത്തിൽ പെടും.

ആരാണ് ഈ വരദാനം? എന്താണീ വരദാനത്തിന്റെ പ്രത്യേകത? ഇടതുമുന്നണി അടക്കി ഭരിക്കുന്നവർക്കെല്ലാം ദൈവത്തിനെ കണ്ടില്ലെങ്കിൽ കൂടി വരദാനത്തെ ഭയമാണ്. ദൈവങ്ങളിൽ വിശ്വാസമില്ലെങ്കിലും ടിയാന്‍റെ വരദാനത്തെ ഒടുക്കത്തെ വിശ്വാസമാണ് സഖാക്കള്‍ക്ക്. വരദാനം ആരാണെന്ന് ജനത്തിന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ.

അത്ഭുത പ്രതിഭാസങ്ങളുടെ ഒരു കലവറയാണ് ഈ വരദാനം. പണ്ടെന്നോ ഊരിപ്പിടിച്ച വാളുകളുടെ നടുവിലൂടെ ഇരട്ടചങ്കുമായി ഇയാള്‍ നടന്നിട്ടുണ്ടെന്ന് പറയപ്പെടുന്നു. സഖാവ് സദാനന്ദനും ആ 'തള്ള്' സാക്ഷ്യപ്പെടുത്തുന്നു.

വരദാനത്തിന്‍റെ മുഖ്യ പരിപാടികള്‍ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുക, കൊടും കുറ്റവാളികളെ സംഘാംഗങ്ങളാക്കി കൂടെ കൊണ്ട് നടക്കുക തനിക്കെതിരെ തിരിയുന്നവരെ ജാമ്യമില്ല കുറ്റം ചുമത്തി ജയിലിൽ അടപ്പിക്കുക എന്നിങ്ങനെ നൂറായിരം നേരമ്പോക്കുകളാണ്. ജീവനിൽ കൊതിയുള്ളതുകൊണ്ട് സഹമന്ത്രിമാരും വരദാനത്തിന്‍റെ പ്രതിഭകളെ വാനോളം പുകഴ്ത്തി പൊതുജന സമക്ഷം തരം കിട്ടുമ്പോഴൊക്കെ അവതരിപ്പിക്കാൻ മടിക്കാറില്ല. ഇനി ഏറിയാൽ രണ്ടുവർഷം കൂടി ഈ വരദാനത്തെ ജനം സഹിക്കണം. അപ്പോഴേക്കും തെരഞ്ഞെടുപ്പായി. അതോടെ വരദാനത്തിന്‍റെ അവസ്ഥ എന്താകുമോ എന്തോ?